ഓരോ രാജ്യക്കാർക്കും പ്രത്യേക ക്വാട്ട നിശ്ചയിക്കുന്നതിനു പകരം നിശ്ചിത ജോലികളിൽ ക്വാട്ട സമ്പ്രദായം പരിമിതിപ്പെടുത്താൻ ധാരണയായി

കുവൈത്തിൽ തൊഴിൽ മേഖലയിൽ ഓരോ രാജ്യക്കാർക്കും പ്രത്യേക ക്വാട്ട നിശ്ചയിക്കുന്നതിനു പകരം നിശ്ചിത ജോലികളിൽ മാത്രം ക്വാട്ട സമ്പ്രദായം പരിമിതിപ്പെടുത്താൻ പാർലമെന്റിലെ മാനവ വിഭവ സമിതിയിൽ ധാരണയായി. ദേശീയത അടിസ്ഥാനമാക്കി ക്വാട്ട നിശ്ചയിക്കുന്നതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടാകാനുള്ള സാധ്യത മുൻ നിർത്തിയാണു തീരുമാനം. ഒരു പ്രത്യേക ജോലിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 20 ശതമാനത്തിൽ അധികം വർദ്ധിക്കാൻ പാടില്ല എന്നാണു ഇത്‌ സംബന്ധിച്ച കരടു നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്‌. നേരത്തെ ഇത്‌ രാജ്യത്തെ മൊത്തം ജനസംഖ്യ അടിസ്ഥാനമാക്കി ഒരോ രാജ്യക്കാർക്കും നിശ്ചിത ശതമാനം ക്വാട്ട നിർണ്ണയിച്ചു കൊണ്ടായിരുന്നു തീരുമാനിച്ചത്‌. ഇന്ത്യക്കാർക്ക്‌ ആകെ ജനസംഖ്യയുടെ 15ശതമാനമായിരുന്നു ക്വാട്ട നിശ്ചയിച്ചിരുന്നത്‌. രാജ്യത്തെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിരവേറ്റുന്ന തരത്തിൽ ഓരോ വർഷവും ഈ തോത്‌ പുനരവലോകനം ചെയ്യുവാനും ഭേദഗതിയിൽ ആവശ്യപ്പെടുന്നുണ്ട്‌.അഞ്ചു വർഷത്തിനകം തൊഴിൽ വിപണിയെ ബാധിക്കാത്ത തരത്തിൽ വിദേശികളുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കരടു നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ സൂചിപ്പിക്കുന്നതായി പ്രാഥമിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.