നാട്ടിൽ കുടുങ്ങിയ ഒന്നേകാൽ ലക്ഷം പ്രവാസികളുടെ താമസ രേഖ റദ്ദായി

കുവൈത്തിൽ താമസരേഖയുള്ളവരും ഇപ്പോൾ രാജ്യത്തിനു പുറത്ത്‌ കഴിയുന്നവരുമായ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരത്തോളം പ്രവാസികളുടെ താമസ രേഖ റദ്ധായതായി ആഭ്യന്തര മന്ത്രാലയം. ഇവരുടെ താമസ രേഖ പുതുക്കാൻ സാധിക്കാതെ വരികയോ അല്ലെങ്കിൽ ചില സ്പോൺസർമാരുടെയും വിദ്യാഭ്യാസ മന്ത്രാലയം ഉൾപ്പെടെയുള്ള ചില സർക്കാർ ഏജൻസികളുടെയും വീഴ്ചയുടെ ഫലമായോ ആണ് ഈ സാഹചര്യം ഉണ്ടായതെന്ന് മന്ത്രാലയം അറിയിക്കുന്നു. രാജ്യത്ത്‌ വിമാന യാത്ര പുനരാരംഭിച്ച ശേഷം തിരിച്ചെത്താൻ ആഗ്രഹിക്കുന്ന അധ്യാപകർക്ക്‌ എപ്പോൾ വേണമെങ്കിലും മടങ്ങാമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്‌. എന്നാൽ ഓഗസ്റ്റ് ആദ്യം കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനു ചില രാജ്യങ്ങളിലെ യാത്രക്കാർക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയതോട്‌ കൂടി സ്ഥിതിഗതികൾ മാറി മറിഞ്ഞു.ഇതേ തുടർന്ന് നിരവധി അധ്യാപരുടെ താമസരേഖയാണു കാലാവധി കഴിഞ്ഞ്‌ ഇല്ലാതായത്‌. മാനുഷിക പരിഗണന മുൻ നിർത്തി വിദേശത്ത് കുടുങ്ങി കിടക്കുന്നവർക്ക്‌ ഓൺ‌ലൈൻ വഴി താമസ രേഖ പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നൽകിയ അവസരം പലരും പ്രയോജനപ്പെടുത്തിയില്ല. ഇക്കാരണങ്ങളെ തുടർന്നാണു ഒന്നേ കാൽ ലക്ഷത്തിൽ അധികം പ്രവാസികളുടെ താമസ രേഖ റദ്ധാകാൻ ഇടയായതെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

അതേ സമയം നിലവിൽ രാജ്യത്ത്‌ കഴിയുന്ന എല്ലാ വിധ വിസ ഉടമകളുടെയും താമസ കാലാവധി സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ മൂന്ന് മാസത്തേക്ക്‌ കൂടി ദീർഖിപ്പിക്കാനുള്ള തീരുമാനം സെപ്റ്റംബർ 1മുതൽ താമസ രേഖ കാലാവധി അവസാനിക്കുന്നവർക്ക്‌ ബാധകമല്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.ഈ വിഭാഗത്തിൽ പെട്ടവർ താമസരേഖ പുതുക്കാതെ രാജ്യത്ത്‌ കഴിയുന്നത്‌ ശിക്ഷാർഹമാണ്. ഇത്തരക്കാരിൽ നിന്ന് പ്രതി ദിനം 2 ദിനാർ വീതം പിഴ ഈടാക്കിയ ശേഷം മാത്രമേ താമസ രേഖ പുതുക്കി നൽകുകയുള്ളൂ. പിടിക്കപ്പെട്ടാൽ ഇവരെ നാടു കടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ്‌ നൽകി.