പുതിയ ഭരണ പിന്തുടർച്ചാവകാശിയെ നാളെ പ്രഖ്യാപിച്ചേക്കും

കുവൈത്തിന്റെ പുതിയ ഭരണ പിന്തുടർച്ചാവകാശിയെ അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹ്‌ നാളെ പ്രഖ്യാപിച്ചേക്കും. ഇതിനായിപ്രത്യേക പാർലമന്റ്‌ സമ്മേളനം നടക്കുമെന്ന് സ്പീക്കർ മർസ്സൂഖ്‌ അൽ ഗാനെം അറിയിച്ചു . പിന്തുടർച്ചാവാകശിയെ നാമ നിർദ്ദേശം ചെയ്ത്‌ കൊണ്ട്‌ അമീർ നാളെ കത്ത്‌ നൽകിയാൽ പാർലമെന്റിൽ വ്യാഴാഴ്ച സത്യ പ്രതിജ്ഞ ചടങ്ങ്‌ നടക്കും. ഇല്ലെങ്കിൽ പിന്നീട്‌ പ്രത്യേക പാർലമന്റ്‌ സമ്മേളനം വിളിച്ചു ചേർത്തായിരിക്കും ഭരണ പിന്തുടർച്ചാവകാശിയുടെ സത്യ പ്രതിജ്ഞ നടക്കുക.

ഭരണ പിന്തുടർച്ചാവകാശിയെ സബാഹ്‌ ഭരണ കുടുംബത്തിൽ നിന്നാണു തെരഞ്ഞെടുക്കുക. ഇതിനു ശേഷം പാർലമെന്റിനു മുമ്പാകെ ഇദ്ദേഹത്തെ നാമ നിർദ്ദേശം ചെയ്തു കൊണ്ട്‌ അമീർ കത്ത്‌ സമർപ്പിക്കും. ഭരണ ഘടന പ്രകാരം ഇതിനു പാർലന്റിൽ മൂന്നിൽ രണ്ട്‌ ഭാഗം അംഗങ്ങളുടെ അംഗീകാരം ലഭിക്കണം. നാമ നിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിക്ക്‌ പാർലമെന്റിൽ അംഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ വീണ്ടും ഭരണ കുടുംബാങ്ങങ്ങൾ യോഗം ചേർന്ന് 3 പേരുടെ പാനൽ തയ്യാറാക്കുകയും,ഈ പാനൽ അമീർ മുഖേനെ വീണ്ടും പാർലമെന്റിൽ സമർപ്പിക്കുകയും ചെയ്യും.പാനലിൽ ഏറ്റവും അധികം പിന്തുണ ലഭിക്കുന്ന വ്യക്തിയെയാണു പുതിയ ഭരണ പിന്തുടർച്ചാവകാശിയായി തെരഞ്ഞെടുക്കപ്പെടുക.

പാർലമെന്റിൽ അമീറിനു മുമ്പാകെയാണു തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി സത്യ പ്രതിജ്ഞ ചെയ്യേണ്ടത്‌. എന്നാൽ തന്റെ പിന്തുടർച്ചാവകാശിയെ നാമ നിർദ്ദേശം ചെയ്യുന്നതിനു ഭരണ ഘടന അമീറിനു ഒരു വർഷം വരെയുള്ള സമയം അനുവദിക്കുന്നുമുണ്ട്‌.