പ്രവേശന അനുമതി നിഷേധിച്ചു ; 19 നഴ്‌സുമാർ കുവൈത്തിൽ കുടുങ്ങി

നാട്ടിൽ നിന്നും പുറപ്പെട്ട 19 നഴ്സുമാർക്ക്‌ കുവൈത്ത്‌ അധികൃതർ പ്രവേശന അനുമതി നിഷേധിച്ചതിനെച്ചു. തുടർന്ന് കുവൈത്ത്‌ വിമാന താവളത്തിൽ കഴിഞ്ഞ ദിവസം മുതൽ കുടുങ്ങി കഴിയുകയാണ്. ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ വിവിധ കമ്പനികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണു ഇവർ. ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ജീവനക്കരല്ലെന്ന കാരണത്താലാണു ഇവർക്ക്‌ പ്രവേശന അനുമതി നിഷേധിച്ചത്‌. ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞ ദിവസം മുതൽ വിമാന താവളത്തിൽ കുടുങ്ങിയിരിക്കുകയാണു ഇവർ. 12 സ്ത്രീകളും ഏഴു പുരുഷന്മാരും അടങ്ങുന്ന ഇവരിൽ 2ഗർഭിണികളും ഉണ്ടെന്നാണു ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം രാത്രി 9.20 നാണു കൊച്ചിയിൽ നിന്നും ഇവർ കുവൈത്ത്‌ വിമാന താവളത്തിൽ എത്തിയത്‌. ഇവർക്കൊപ്പം ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ജീവനക്കാരായ 138 പേർ കൂടി ഉണ്ടായിരുന്നു. കൊച്ചിയിലെ സാമാ ട്രാവൽസ്‌ വഴിയാണു ഇവർക്ക്‌ ടിക്കറ്റും യാത്രാ രേഖകളും ശരിയാക്കിയത്‌.നിലവിൽ ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ കുവൈത്തിലേക്ക്‌ നേരിട്ടുള്ള പ്രവേശനതിനു വിലക്കുണ്ട്‌. എന്നാൽ ആരോഗ്യ മന്ത്രാലം അടക്കമുള്ള അവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാർക്ക്‌ പ്രത്യേക അനുമതി വാങ്ങിയ ശേഷം കുവൈത്തിലേക്ക്‌ നേരിട്ട്‌ പ്രവേശിക്കാവുന്നതാണു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കരാർ ജീവനക്കാരായ ആരോഗ്യ പ്രവർത്തകർക്കും യാത്രാനുമതി ഉണ്ടെന്ന് വിശ്വസിപ്പിച്ചാണു ഇവരെ സംഘത്തിലുൾപ്പെടുത്തിയത്‌. വിഷയത്തിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ടുവെങ്കിലും ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നുവെന്നാണു വിമാന താവള അധികൃതർ അറിയിക്കുന്നത്‌.