പാർക്കിങ് സ്ഥലം കയ്യടക്കി വാഹന ഉടമകളെ ചൂഷണം ചെയ്യുന്ന മാഫിയ സംഘം പിടിയിൽ

കുവൈത്തിൽ അൽ റായ്‌ പ്രദേശത്തെ കാർ പാർക്കിംഗ്‌ സ്ഥലം കയ്യടക്കി വാഹന ഉടമകളെ ചൂഷണം ചെയ്യുന്ന മാഫിയ സംഘം പിടിയിലായി. സംഘത്തിലെ ബംഗ്ലാദേശികളായ 10 പേരാണു മാനവ വിഭവ സമിതിയുടെ അന്വേഷണ സംഘത്തിന്റെ പിടിയിലായത്‌. രാജ്യത്തെ ഏറ്റവും തിരക്കേറിയ അൽ റായിലെ വാണിജ്യ സമുച്ചയത്തിലെ പ്രധാന പ്രവേശന കവാടത്തിനോട്‌ ചേർന്നുള്ള സൗജന്യ കാർ പാർക്കിംഗ്‌ ഇടം കയ്യടക്കി വാഹന ഉടമകളിൽ നിന്ന് 2 ദിനാർ വീതം വാങ്ങുകയായിരുന്നു സംഘം .

10 പേർ ചേർന്ന് സ്വന്തം വാഹനങ്ങൾ ഈ ഇടങ്ങളിൽ പാർക്ക്‌ ചെയ്തായിരുന്നു സ്ഥലം കയ്യടക്കിയത്‌. വാഹന ഉടമകളിൽ നിന്നും ലഭിച്ച പരാതിയെ തുടർന്നാണു മാനവ വിഭ ശേഷി സമിതിയിലെ അന്വേഷണ വിഭാഗം സ്ഥലത്തെത്തി നിരീക്ഷണം നടത്തി ഇവരെ പിടികൂടിയത്‌. പ്രതി ദിനം 200 ദിനാറോളം തങ്ങൾക്ക്‌ ലഭിച്ചിരുന്നതായി ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട്‌ സമ്മതിച്ചിട്ടുണ്ട്‌. പിരിവ്‌ സംഖ്യ 10 പേരും തുല്യമായി വീതിച്ചെടുത്ത് വരികയായിരുന്നു.