ശൈത്യ കാല പ്രതിരോധ കുത്തിവെയ്‌പ്പിൽ നിന്ന് വിദേശികളെ ഒഴിവാക്കി; തീരുമാനം വിവാദമാകുന്നു

കുവൈത്തിൽ ശൈത്യ കാല പ്രതിരോധ കുത്തിവെപ്പ്‌ വിദേശികൾക്ക്‌ നൽകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം വിവാദമാകുന്നു. സീസണൽ ഇൻഫ്ലുവൻസ, ന്യുമോണിയ തുടങ്ങിയ ശൈത്യ കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്‌ പ്രചാരണം കഴിഞ്ഞ ദിവസമാണു ആരോഗ്യ മന്ത്രാലയം ആരംഭിച്ചത്‌. എന്നാൽ കുത്തി വെപ്പ്‌ സ്വദേശികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ തീരുമാനത്തിനു അനുകൂലമായും പ്രതികൂലമായും സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ ആരംഭിച്ചതോടെയാണു സംഭവം വൻ വിവാദത്തിനു കാരണമായത്‌.

നിലവിൽ രാജ്യത്ത് വാക്സിനുകളുടെ ലഭ്യത പരിമിതമായതിനാലാണു ഇത്തരമൊരു തീരുമാനം എന്ന് ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകി.കൂടുതൽ വാക്സിൻ എത്തുന്നതോടെ ഇത്‌ രാജ്യത്തെ എല്ലാ താമസക്കാർക്കും ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവൻ രോഗികൾക്കും വിവേചനം കൂടാതെ ചികിൽസ ലഭ്യമാക്കാൻ മന്ത്രാലയം പ്രതിജ്ഞാ ബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ചികിൽസാ രംഗത്ത്‌ ഓരോ രാജ്യവും തങ്ങളുടെ പൗരന്മാർക്ക്‌ മുൻഗണന നൽകുന്നത്‌ പുതിയ കാര്യമല്ലെന്നാണു മന്ത്രാലയത്തിന്റെ തീരുമാനത്തെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നത്‌. അതേ സമയം രോഗം പിടികൂടുന്നത്‌ ദേശീയത നോക്കിയല്ലെന്ന നിലപാടാണു വിമർശ്ശകർ ഉന്നയിക്കുന്നത്‌.