താമസ നിയമ ലംഘകർക്ക് ഇനി പിഴയടച്ച് താമസരേഖ നിയമ വിധേയമാക്കാൻ അനുമതിയില്ല

കുവൈത്തിൽ താമസ നിയമ ലംഘകർക്ക്‌ ഇനി പിഴയടച്ച്‌ താമസരേഖ നിയമ വിധേയമാക്കാൻ അനുമതിയില്ല. ഇവർ രാജ്യം വിടേണ്ടി വരും. രാജ്യത്തെ മുഴുവൻ താമസ നിയമ ലംഘകരെയും 2019ന് മുമ്പുള്ളവരും ശേഷമുള്ളവരും എന്നിങ്ങനെ രണ്ടായി തരം തിരിച്ചു കൊണ്ട്‌ ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനമെടുത്തു. രാജ്യത്ത്‌ 2019 നു മുമ്പ്‌ അനധികൃതമായി താമസിക്കുന്നവർക്ക്‌ ഇനി പിഴയടച്ചു താമസ രേഖ നിയമപരമാക്കാൻ അനുവാദമില്ല. എന്നാൽ സ്വദേശികളുടെ ഏറ്റവും അടുത്ത ബന്ധുക്കളായ വിദേശികളെയും ഗാർഹിക തൊഴിലാളികളെയും നടപടിയിൽ നിന്നും ഒഴിവാക്കും. 2019 നു മുമ്പുള്ള 90,000 താമസ നിയമ ലംഘകരാണു രാജ്യത്ത്‌ കഴിയുന്നത്‌. 50,000 പേർ 2019 മുതൽ താമസ നിയമ ലംഘകരായവരാണു.

ഈ വർഷം ആഭ്യന്തര മന്ത്രാലയം അനുവദിച്ച പൊതു മാപ്പ്‌ അടക്കം താമസ രേഖ നിയമപരമാക്കുന്നതിനും പിഴ കൂടാതെ രാജ്യം വിടുന്നതിനും നിരവധി തവണ അവസരം നൽകിയിട്ടും ഇത്‌ പ്രയോജനപ്പെടുത്താതിനെ തുടർന്നാണു മന്ത്രാലയം ഇവർക്കെതിരെ കടുത്ത നടപടികൾക്ക് ഒരുങ്ങുന്നത്‌. എന്നാൽ 2019 നു ശേഷമുള്ള അനധികൃത താമസക്കാർക്ക്‌ താമസ രേഖ നിയമ വിധേയമാക്കുന്നതിനോ അല്ലെങ്കിൽ പിഴ കൂടാതെ രാജ്യം വിടുന്നതിനോ ഒരിക്കക്‌ കൂടി അവസരം നൽകണമെന്നും അഭിപ്രായം ഉയരുന്നുണ്ട്‌. നിയമ ലംഘകരെ പിടി കൂടുന്നതിനു പല തരത്തിലുള്ള തന്ത്രങ്ങളാണു മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്‌. എന്നാൽ ഇത്‌ ആരംഭിക്കുന്നതിനു ഉന്നത നേതൃത്വങ്ങളിൽ നിന്നുള്ള അനുമതി കാത്തിരിക്കുകയാണു ഉദ്യോഗസ്ഥർ.