കുവൈത്തിൽ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഇനി ഡ്രോണുകളും

കുവൈത്തിൽ റോഡുകളിൽ നടക്കുന്ന നിയമ ലംഘനങ്ങളും കുറ്റകൃത്യങ്ങളും നിരീക്ഷിക്കുന്നതിനു ഗതാഗത വകുപ്പ്‌ ഡ്രോൺ സംവിധാനം ഏർപ്പെടുത്തി.കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒത്തു ചേരലുകൾ, ഗതാഗത നിയമ ലംഘനങ്ങൾ മുതലായവ കണ്ടെത്തുന്നതിനു കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം പ്രയോഗിച്ചിരുന്നു. ഇത്തരത്തിൽ വഫ്ര പ്രദേശത്ത്‌ നടത്തിയ നിരീക്ഷണത്തിൽ അപകടകരമായ ഗതാഗത നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ ഡ്രോൺ വഴി ലഭിച്ചു. വാഹനങ്ങൾ ഉപയോഗിച്ച്‌ കൊണ്ട്‌ സംഘട്ടനങ്ങളിൽ ഏർപ്പെടുന്ന ദൃശ്യങ്ങളാണു ഡ്രോണിൽ പതിഞ്ഞത്‌. എന്നാൽ നിയമ ലംഘകർ ഇത്‌ നിഷേധിച്ചുവെങ്കിലും ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചു കൊണ്ട് ഇവർക്കെതിരെ നടപടി സ്വീകരിച്ചു‌. ഇവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചു.