ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷം ; പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴയായി 500 ന് പകരം 2000 ഈടാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴയായി ഈടാക്കിയിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതേസമയം എല്ലാ സ്വകാര്യ ആശുപത്രികളിലെയും 80 ശതമാനം ഐസിയുകളും, 60 ശതമാനം നോണ്‍ ഐസിയു വാര്‍ഡുകളും കൊവിഡ് രോഗികള്‍ക്കായി മാറ്റിവെയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഗുരുതരമല്ലാത്ത ശസ്ത്രക്രിയകളുടെ തീയതി നീട്ടിവെയ്ക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശം നല്‍കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ കെജ്രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം.