18 -ആമത് കുവൈത്ത്‌ പാർലമന്റ്‌ തെരഞ്ഞെടുപ്പ്‌ നാളെ

18 ആമത്‌ കുവൈത്ത്‌ പാർലമന്റ്‌ തെരഞ്ഞെടുപ്പ്‌ നാളെ നടക്കും. കോവിഡ്‌ പശ്ചാത്തലത്തിൽ ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണു വോട്ടെടുപ്പ്‌ നടപടികൾ ക്രമീകരിച്ചിരിക്കുന്നത്‌.273940 പുരുഷന്മാരും 293754 സ്ത്രീകളുമടക്കം 5,67,694 പേരാണ് നാളെ സമ്മതിദാനാവകാശം ഉപയോഗിക്കുക.

29 സ്ത്രീകൾ അടക്കം 326 പേരാണു ഇത്തവണ ജന വിധി തേടുന്നത്‌. ഇവരിൽ 43 സിറ്റിംഗ്‌ എം.പി.മാരാണ്. അഞ്ചു മണ്ഠലങ്ങളിലാണു തെരഞ്ഞെടുപ്പ്‌.ഓരോ മണ്ഠലങ്ങളിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ നേടുന്ന 10 പേരാണു തെരഞ്ഞെടുക്കപ്പെടുക.2012 വരെ ഒരു വോട്ടർക്ക്‌ 4 വീതം വോട്ടുകൾ രേഖപ്പെടുത്താവുന്ന രീതിയായിരുന്നു പിന്തുടർന്ന് വന്നത്‌. ഈ സമ്പ്രദായം വ്യാപകമായ വോട്ട്‌ കച്ചവടത്തിനു ഇടയാക്കുന്നുവെന്ന കാരണത്താൽ തെരഞ്ഞെടുപ്പ്‌ ചട്ടത്തിൽ ഒട്ടേറെ ഭേദഗതി വരുത്തി ഒരാൾക്ക്‌ ഒരു വോട്ട്‌ ആയി പരിമിതിപ്പെടുത്തി കൊണ്ട് പരിഷ്കരിക്കുകയായിരുന്നു.