വിദേശികളുടെ താമസ രേഖ ഇനത്തിൽ 9.6 ദശലക്ഷം ദിനാർ വരുമാനം

കുവൈത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ വിദേശികളുടെ താമസരേഖ ഇനത്തിൽ 9.6 ദശലക്ഷം ദിനാർ സർക്കാർ വരുമാനം പ്രതീക്ഷിക്കുന്നു. വീട്ടുജോലിക്കാർ, കുടുംബ വിസയിൽ കഴിയുന്നവർ എന്നിവരുടെ താമസരേഖ പുതുക്കുന്ന ഇനത്തിലാണു 2020- 21 ബദ്ജറ്റിൽ സർക്കാർ ഈ വരുമാനം പ്രതീക്ഷിക്കുന്നത്‌.തൊഴിൽ വിസകളിലും മറ്റുള്ള വിസകളിലും ലഭിക്കുന്ന വരുമാനത്തിനു പുറമെയാണു ഇത്‌. ഇതിൽ ഗാർഹിക ജോലിക്കാരുടെ വിസ പുതുക്കൽ വകയിൽ 3.35 ദശലക്ഷം ദിനാർ വരുമാനമാണു സർക്കാർ പ്രതീക്ഷിക്കുന്നത്‌. കുടുംബ വിസയിലുള്ളവരുടെ താമസ രേഖ പുതുക്കുന്ന വകയിൽ 6.25 ദശലക്ഷം ദിനാർ ആണ് വരുമാനം പ്രതീക്ഷിക്കുന്നത്‌.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ ഏഴു ലക്ഷത്തി നാൽപത്തി നാലായിരത്തി ഇരുന്നൂരു ഗാർഹിക വേലക്കാരാണു രാജ്യത്തുള്ളത്‌. 4 രാജ്യങ്ങളിൽ നിന്നുള്ളവരാണു ഇവരിൽ ഭൂരിഭാഗവും. ഇതിൽ 47.4 ശതമാനം പേരും ഇന്ത്യക്കാരാണ്. 21.4 ശതമാനം പേർ ഫിലിപ്പിനികളും , 12 ശതമാനം പേർ ബംഗ്ലാദേശുകാരും 10.9 ശതമാനം പേർ ശ്രീലങ്കക്കാരുമാണെന്നും അധികൃതർ സൂചിപ്പിക്കുന്നു.