കുവൈത്തിൽ കോവിഡ് വാക്സിനായി രെജിസ്റ്റർ ചെയ്യാൻ വൻ തിരക്ക്

കുവൈത്തിൽ കോവിഡ് വാക്സിൻ റെജിസ്ട്രേഷൻ സൈറ്റിൽ പേരു റെജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ദിവസേന വർദ്ധിക്കുന്നതായി റിപ്പോർട്ട്‌.മൂന്നു ദിവസം മുമ്പാണു ആരോഗ്യ മന്ത്രാലയം ഇതിനായുള്ള റെജിസ്ട്രേഷൻ ആരംഭിച്ചത്‌. ഈ ദിവസങ്ങൾക്കിടയിൽ സ്വദേശികളും വിദേശികളുമായ നിരവധി പേരാണു പേരു റെജിസ്റ്റർ ചെയ്തത്‌.യു.എസ്‌. ഔഷധ നിർമ്മാണ കമ്പനിയായ ഫൈസർ പുറത്തിറക്കുന്ന കോവിഡ് പ്രതിരോധ വാക്സിൻ അടുത്ത ദിവസങ്ങളിൽ രാജ്യത്ത്‌ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്‌.

വാക്സിനു ലോകാരോഗ്യ സംഘടനയുടെയും യു.എസ്‌. ഫൂഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്മിനിസ്റ്റ്രേഷന്റെയും അംഗീകാരം ലഭിച്ചാൽ മാത്രമേ ഇവ രാജ്യത്ത്‌ ഇറക്കുമതി ചെയ്യുള്ളൂ എന്ന് കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അടിയന്തിര ഘട്ടത്തിൽ വാക്സിൻ ഉപയോഗിക്കുന്നതിനു കഴിഞ്ഞ ദിവസം യു.എസ്‌.ഫൂഡ്‌ ആന്റ്‌ ഡ്രഗ്‌ അധികൃതർ അനുമതി നൽകിയ സാഹചര്യത്തിൽ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനു കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്‌.