ഇന്ത്യൻ സ്ഥാനപതി കുവൈത് വ്യോമയാന സമിതി അധികൃതരുമായി ചർച്ച നടത്തി

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ കുവൈത്ത്‌ സിവിൽ വ്യോമയാന സമിതി പ്രസിഡണ്ട്‌ ഷൈഖ്‌ സൽമാൻ അൽ ഹമ്മൂദ്‌ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വ്യോമയാന മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങളും , സഹകരണവും വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഇരുവരും ചർച്ച ചെയ്തു.നിലവിൽ ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ കുവൈത്തിലേക്ക്‌ നേരിട്ടുള്ള പ്രവേശനത്തിനു വിലക്കുണ്ട്‌. ഗാർഹിക തൊഴിലാളികൾ, ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരും അവരുടെ കുടുംബാങ്ങളും മുതലായ ചില വിഭാഗങ്ങളെ ഈയിടെ തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ പൂർണ്ണ രീതിയിൽ വിലക്ക്‌ ഒഴിവാക്കപ്പെട്ടിട്ടില്ലാത്തത്തിനാൽ ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങി കഴിയുകയാണ് .കുവൈത്ത് വ്യോമയാന അധികൃതരുമായി സ്ഥാനപതി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമായും ഈ വിഷയം ചർച്ച ചെയ്തതായാണു സൂചന.