കുവൈത്ത് മുൻ പ്രതിരോധ മന്ത്രി ഷൈഖ്‌ നാസർ അൽ സബാഹ്‌ അന്തരിച്ചു

മുൻ കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ പുത്രനും മുൻ പ്രതിരോധ മന്ത്രിയുമായ ഷൈഖ്‌ നാസർ അൽ സബാഹ്‌ അഹമ്മദ്‌ അന്തരിച്ചു. 72 വയസ്സായിരുന്നു.

മുൻ കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെയും ഷൈഖ ഫതൂഹ ബിന്ത്‌ സൽമാൻ അൽ സബാഹിന്റെയും മൂത്ത പുത്രനായി 1948 ഏപ്രിൽ 27 നു കുവൈത്ത്‌ സിറ്റിയിൽ ജനനം. ദീർഗ്ഘകാലം അമീരി ദീവാന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം 2017 ഡിസംബർ 11മുതൽ 2019 നവംബർ 18 വരെ രാജ്യത്തിന്റെ ഉപ പ്രധാന മന്ത്രിയായും പ്രതിരോധ മന്ത്രിയായും സേവനം അനുഷ്ടിച്ചു. കഴിഞ്ഞ സെപ്റ്റംബർ 29 നു പിതാവും കുവൈത്ത്‌ അമീറുമായിരുന്ന ഷൈഖ്‌ സബാഹിന്റെ നിര്യാണത്തെ തുടർന്ന് കിരീടാവകാശിയായി ഉയർന്നു വന്നത്‌ ഷൈഖ്‌ നാസറിന്റെ പേരായിരുന്നു. എന്നാൽ ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം പദവി നിരസിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിതാവിന്റെ വിയോഗം നടന്ന് കൃത്യം 82 ആം ദിവസമാണു ഷൈഖ്‌ നാസർ വിട പറയുന്നത്.