കുവൈത്തിൽ വാഹങ്ങൾക്ക് നാലര മീറ്ററിൽ കൂടുതൽ ഉയരം പാടില്ല.

കുവൈത്ത് സിറ്റി :കുവൈത്തിൽ നിരത്തിലോടാൻ അനുമതിയുള്ള വാഹനങ്ങൾക്ക് നിരപ്പിൽ നിന്നും നാലര മീറ്റർ മാത്രമേ ഉയരം പാടുള്ളുവെന്ന് പുതിയ ഗതാഗത നിയമം.ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജർറാഹ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. വാഹനങ്ങളുടെ പരമാവധി വീതി 260 സെമി യും നീളം 12 മീറ്ററിൽ അധികമാകരുതെന്നും ഉത്തരവിൽ പറയുന്നു. ഉയരക്കൂടുതലും അമിത നീളവും കാരണം ചില വാഹനങ്ങൾ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. പുതിയ നിയമം ലംഘിക്കുന്ന വാഹനങ്ങളെ കണ്ട് കെട്ടിയേക്കും. അതേസമയം നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പുതുതായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരും ഇറക്കുമതി ചെയ്യുന്ന കമ്പനികളും ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. നിയമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ മന്ത്രാലയം പിന്നീട് പുറത്തിറക്കിയേക്കും.