കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം

കുവൈത്തിൽ എത്തുന്ന എല്ലാ യാത്രക്കാരെയും ഇനി മുതൽ കോവിഡ് ‌ പരിശോധനക്ക്‌ വിധേയമാക്കിയ ശേഷമാകും അതിർത്തി കവാടങ്ങളിൽ നിന്ന് പുറത്തേക്ക്‌ കടത്തി വിടുക. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്‌ വ്യാപന പശ്ചാത്തലത്തിൽ മുൻ കരുതൽ നടപടികളുടെ ഭാഗമായാണു തീരുമാനം.ഇത്‌ പ്രകാരം വിമാന താവളം, മറ്റു അതിർത്തി കവാടങ്ങൾ മുതലായ കേന്ദ്രങ്ങൾ വഴി രാജ്യത്ത്‌ പ്രവേശിക്കുന്ന മുഴുവൻ യാത്രക്കാരെയും പി.സി.ആർ. പരിശോധനക്ക്‌ വിധേയരാക്കിയ ശേഷമാകും ഇനി പുറത്തേക്ക്‌ വിടുക. നിലവിൽ ഓരോ വിമാനങ്ങളിൽ നിന്നുമുള്ള യാത്രക്കാരിൽ 10 ശതമാനം പേരെ ക്രമ രഹിതമായി തെരഞ്ഞെടുത്താണു പി.സി.ആർ.പരിശോധനക്ക്‌ വിധേയരാക്കുന്നത്‌.കുവൈത്തിലേക്ക്‌ വരുന്ന എല്ലാ യാത്രക്കാരും അതത്‌ രാജ്യങ്ങളിൽ നിന്ന് 96 മണിക്കൂർ സാധുതയുള്ള പി.സി.ആർ.സർട്ടിഫിക്കറ്റ്‌ ഹാജരാക്കൽ നിർബന്ധമാണു.ഇതിനു പുറമെയാണു ഓരോ യാത്രക്കാരനെയും കുവൈത്ത്‌ വിമാന താവളത്തിൽ വെച്ച്‌ പി.സി.ആർ.പരിശോധനക്ക്‌ വിധേയരാക്കുക. പരിശോധന തികച്ചും സൗജന്യമായിരിക്കും.