കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ; മന്ത്രി സഭ രാജി വെയ്ക്കാൻ സാധ്യത

കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനുശ്ചിതത്തിന്റെ സാധ്യതകൾ പ്രകടമാകുന്നു. കഴിഞ്ഞ ദിവസം 28 പാർലമന്റ്‌ അംഗങ്ങളുടെ പിന്തുണയോടെ പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിനു എതിരെ കുറ്റ വിചാരണ പ്രമേയത്തിനു പാർലമെന്റിൽ അനുമതിനു തേടിയതോടെയാണു രാജ്യത്ത്‌ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്തം രൂപപ്പെട്ടിരിക്കുന്നത്‌. ഒരു മാസം മാത്രം പ്രായമായ പാർലമെന്റിൽ സർക്കാർ വിരുദ്ധ ചേരിയിലുള്ള അംഗങ്ങൾക്ക്‌ നിർണ്ണായക സ്വാധീനമാണുള്ളത്‌. പ്രധാന മന്ത്രിക്കെതിരെയുള്ള കുറ്റ വിചാരണ പ്രമേയത്തിൽ 8 അംഗങ്ങൾ കൂടി ഇന്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട 50 അംഗ പാർലമന്റ്‌ അംഗങ്ങളുടെയും നാമ നിർദ്ദേശം ചെയ്യപ്പെട്ട 15 മന്ത്രിമാരും ഉൾപ്പെടെ 65 അംഗ പാർലമെന്റിൽ കുറ്റ വിചാരണ പ്രമേയത്തിനു അംഗീകാരം ലഭിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്‌. ഇത്‌ മുന്നിൽ കണ്ട്‌ ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രി സഭ അമീറിനു രാജി സമർപ്പിച്ചേക്കും.എന്നാൽ പുതിയ മന്ത്രി സഭാ രൂപീകരണം ചുരുങ്ങിയത്‌ ഒരു മാസത്തിനു ശേഷമെങ്കിലും ആയിരിക്കാനാണു സാധ്യത എന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്‌. നിലവിലെ പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദിനെ തന്നെ അമീർ ഷൈഖ്‌ നോഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ പ്രധാന മന്ത്രിയായി നിയമിക്കുമെന്നാണു സൂചന. എന്നാൽ പാർലമെന്റും മന്ത്രി സഭയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ പാർലമന്റ്‌ പിരിച്ചു വിടുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക്‌ നീങ്ങും എന്നും വിലയിരുത്തപ്പെടുന്നു.