കുവൈത്തിൽ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് പാർലമെന്റിൽ കരട് പ്രമേയം

കുവൈത്തിൽ നിന്നും നാട്ടിലേക്ക്‌ അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പാർലമെന്റിൽ കരടു പ്രമേയം. പ്രതിപക്ഷ എം. പി.മാരായ ഉസാമ അൽ ഷാഹീൻ, അബ്ദുൽ അസീസ്‌ അൽ സഖാബി, ഹമദ്‌ അൽ മത്വർ, ഷുഹൈബ്‌ അൽ മുവൈസിറി,ഖാലിദ്‌ അൽ ഒതൈബി എന്നീ പ്രതിപക്ഷ അംഗങ്ങളാണു പാർലമെന്റിൽ കരടു ബിൽ അവതരിപ്പിച്ചിരിക്കുന്നത്‌.രാജ്യത്ത് നിന്നും വിദേശത്തേക്ക്‌ അയക്കുന്ന സംഖ്യക്ക് കറൻസി ഭേദമന്യേ 2.5 ശതമാനം നികുതി ചുമത്തണമെന്നാണു കരടു ബില്ലിൽ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്‌ വഴി പൊതു ബജറ്റിൽ പ്രതിവർഷം ചുരുങ്ങിയത് 10 കോടി ദിനാർ വരുമാനം എത്തിച്ചേരുമെന്നും രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ ശൃഷ്ടിക്കുന്നതോടൊപ്പം വിദേശികൾ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്റെ തോത്‌ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നും കരടു ബില്ലിൽ സൂചിപ്പിക്കുന്നു.