കുവൈത്തിൽ വാക്സിൻ സ്വീകരിച്ചവരെ ക്വാറന്റീൻ , പി സി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ എന്നിവയിൽ നിന്ന് ഒഴിവാക്കും

കുവൈത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരെ രാജ്യത്ത്‌ പ്രവേശിക്കുമ്പോൾ ഏർപ്പെടുത്തുന്ന പി.സി.ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കൽ, രണ്ടാഴ്ചത്തെ ക്വാറന്റൈൻ മുതലായ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇത്‌ ജൂൺ മാസം മുതൽ മാത്രമേ പ്രാവർത്തികമാക്കാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ്‌ പ്രതിരോധ വാക്സിൻ സ്വീകരിച്ച്‌ രാജ്യത്തേക്ക്‌ പ്രവേശിക്കുന്നവരെ തൽക്കാലം ഈ വ്യവസ്ഥകളിൽ നിന്നു ഒഴിവാക്കില്ല. നിലവിൽ കുവൈത്ത്‌ അടക്കം പല രാജ്യങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകൽ ആരംഭിച്ചിട്ടുണ്ട്‌.എന്നാൽ സർട്ടിഫിക്കറ്റിൽ കൃത്രിമത്വം ഉണ്ടാകാനുള്ള സാധ്യത മുൻ നിർത്തിയാണു മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് നിലവിലെ വ്യവസ്ഥകൾ ബാധകമാക്കുന്നത്..വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകാനിടയുള്ള കൃതിമത്വം തടയുന്നതിനു ആഗോള അടിസ്ഥാനത്തിൽ അംഗീകൃത സംവിധാനം ഏകീകരിക്കേണ്ടതുണ്ട്‌. എല്ലാ അന്താരാഷ്ട്ര സ്ഥാപനങ്ങളും അംഗീകരിച്ച വാക്സിനേഷനു വേണ്ടി ആഗോള തലത്തിൽ ഇലക്ട്രോണിക് പാസ്‌പോർട്ട്‌ സംവിധാനവും നിലവിൽ വരേണ്ടതുണ്ട്‌. സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നതിന് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമും ആവശ്യമാണു. ഇതിനു ചുരുങ്ങിയത്‌ ഒരു വർഷമെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് അനുവദിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും കുവൈറ്റ് പൂർത്തിയാക്കിയിട്ടുണ്ട്‌.രണ്ടു ഡോസ്‌ വാക്സിനേഷൻ പൂർത്തിയാക്കുന്നവർക്ക്‌ ഇലക്ട്രോണിക്‌ സർട്ടിഫിക്കറ്റ്‌ നൽകാനും കുവൈത്ത്‌ ഇന്നലെ മുതൽ ആരംഭിച്ചു.