വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലെത്തുന്നവർ ഇനി മുതൽ 50 ദിനാർ അധികം നൽകണം

വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്നവർ ഇനി മുതൽ ടിക്കറ്റ്‌ നിരക്കിനോടൊപ്പം അൻപത്‌ ദിനാർ അധികമായി നൽകണം. രാജ്യത്ത്‌ എത്തുന്ന എല്ലാ യാത്രികരുടെയും രണ്ടു തവണത്തെ പി.സി.ആർ. പരിശോധനക്കായാണു ഈ തുക ഈടാക്കുന്നത്‌. ഇവ വിമാന കമ്പനികൾ യാത്രക്കാരിൽ നിന്നും നേരിട്ട്‌ ഈടാക്കുവാൻ സിവിൽ വ്യോമയാന അധികൃതർ കഴിഞ്ഞ ദിവസം വിമാന കമ്പനികൾക്ക്‌ നിർദ്ദേശം നൽകി. ഇതോടെയാണു കുവൈത്തിലേക്ക്‌ എത്തുന്ന ഓരോ യാത്രക്കാരനും വിമാന ടിക്കറ്റിനോടൊപ്പം പി.സി.ആർ പരിശോധന ചെലവിൽ 50 ദിനാർ അധികം നൽകേണ്ടി വരിക.രാജ്യത്ത്‌ എത്തുന്ന എല്ലാ യാത്രക്കാരനെയും വിമാന താവളത്തിൽ വെച്ചു ആദ്യ പി.സി.ആർ. പരിശോധന നടത്തും. തുടർന്ന് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും പി.സി.ആർ. പരിശോധന നടത്തണമെന്നാണു നിലവിൽ വ്യവസ്ഥ ചെയ്യുന്നത്‌. ഈ രണ്ടു പരിശോധനകൾക്കുമായാണു 50 ദിനാർ അധികം നൽകേണ്ടി വരിക.