കുവൈത്ത് കിരീടാവകാശിയുടെ സ്ഥാനാരോഹണത്തിന് 13 വയസ്സ്

കുവൈത്ത് സിറ്റി :കുവൈത്ത് കിരീടാവകാശിയായി ഷെയ്ഖ് നവാഫ്‌ അൽ അഹ്മദ് ജാബിർ അസ്സബാഹ് അവരോധിക്കപ്പെട്ടിട്ട് ഇന്നേക്ക് 13 വർഷം പൂർത്തിയായി.
2006 ഫെബ്രുവരി 20 നാണ് അദ്ദേഹം കിരീടാവകാശിയായി സ്ഥാനമേൽക്കുന്നത്. രാജ്യം നേരിടുന്ന പുതിയ കാലത്തിന്റെ വെല്ലുവിളികൾ പരിഹരിക്കുന്നതിൽ അമീറിന് ശക്തമായ പിന്തുണയുമായി അദ്ദേഹം സർവ്വ മേഖലകളിലും നിറഞ്ഞു നിന്നു.1962 ൽ ഹവല്ലി ഗവർണറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1978- ലും 86-88 കാലയളവുകളിലും അദ്ദേഹം ആഭ്യന്തര മന്ത്രിയായും 88- 90 കാലയളവിൽ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. ചെറിയ ഗ്രാമമായിരുന്നു ഹവല്ലി ഗവർണർണറേറ്റിനെ വികസനക്കുതിപ്പിലേക്ക് നയിച്ച് വാണിജ്യ സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം രാജ്യത്തിന്റെ പുരോഗതിക്ക്‌ വേണ്ടി ശ്രദ്ധേയമായ രീതിയിലുള്ള ഇടപെടലുകൾ നടത്തി. സ്ഥാനാരോഹണത്തിന്റെ 13 വർഷങ്ങൾ പൂർത്തിയാക്കുന്ന കിരീടാവകാശിയെ അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് ജാബർ അസ്സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അസ്സബാഹ്, പാർലമെന്റ് സ്പീക്കർ ഷെയ്ഖ് മർസൂഖ് അൽഖാനിം തുടങ്ങിയ പ്രമുഖർ ആശംസകൾ അറിയിച്ചു.