കോവിഡ് മുൻകരുതലുകൾ ലംഘിച്ച കുവൈത് സ്പീക്കർക്കെതിരെ കേസ്

കോവിഡ് മുന്‍കരുതലുകള്‍ ലംഘിച്ച് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കൂട്ടം ചേര്‍ന്ന് ആഘോഷ പരിപാടികളില്‍ പങ്കെടുത്തതിന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിനും 37 എം.പിമാര്‍ക്കും എതിരായ കേസുകള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ആഭ്യന്തര മന്ത്രാലയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മര്‍സൂഖ് അല്‍ഗാനിം പറഞ്ഞു.

കേസില്‍ പബ്ലിക് പ്രോസിക്യൂഷനു മുന്നില്‍ ഹാജരാകുന്നതിന് തനിക്കുള്ള പ്രത്യേക പരിരക്ഷ എടുത്തുകളയാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്ന് സ്പീക്കര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ട ഡോ. ബദ്ര്‍ അല്‍ദാഹൂം മാര്‍ച്ച് ആദ്യത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിയില്‍ ആരോഗ്യ വ്യവസ്ഥകള്‍ ലംഘിച്ച് പങ്കെടുത്തതിന് മുന്‍ സ്പീക്കര്‍ അഹ്‌മദ് അല്‍സഅദൂന്‍ ഇന്നലെ പബ്ലിക് പ്രോസിക്യൂഷനു മുന്നില്‍ ഹാജരായി. ജാമ്യത്തുകയായി 100 കുവൈത്തി ദീനാര്‍ കെട്ടിവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്്‌മെന്റ് ലോക്കപ്പിലേക്ക് മാറ്റി.