ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാക്സിൻ വൈകാതെ കുവൈത്തിലെത്തും

ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ കോ​വി​ഡ്​ വാ​ക്​​സി​ൻ വൈ​കാ​തെ കു​വൈ​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്​​സി​ൻ ടെ​ക്​​നി​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഡോ. ​ഖാ​ലി​ദ്​ അ​ൽ സ​ഇൗ​ദ്​ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ടെ​ൻ​ഡ​ർ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യും അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ വാ​ക്സി​നു​ക​ൾ രാ​ജ്യ​ത്ത് എ​ത്തി​ച്ചേ​രുമെന്നും അദ്ദേഹം പറഞ്ഞു. പു​തി​യ വൈ​റ​സി​നെ​തി​രെ ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഇവ തി​ര​ഞ്ഞെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ ഫൈ​സ​ർ -ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​ – ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ ഡോ​സ്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​യാ​ൽ കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ണ്ട്. ആ​വ​ശ്യ​ത്തി​ന്​ വാ​ക്​​സി​ൻ എ​ത്തി​യാ​ൽ ഇ​നി​യും കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന്​ സെ​പ്​​റ്റം​ബ​റോ​ടെ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ​ദ്ധ​തി.