ഇന്ത്യയിലെ വിമാനയാത്രാ നിരക്കിൽ വർധനവ് 

ഏപ്രിൽ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ വിമാനയാത്രാ നിരക്കിൽ വർധനവുണ്ടാകും. ‘എയർ സെക്യൂരിറ്റി ഫീസ്’ (എഎസ്എഫ്) വർധനവ് നടപ്പാക്കിയതിനെ തുടർന്നാണിത്. അഭ്യന്തര യാത്രയ്ക്ക് നാൽപതു രൂപയും രാജ്യാന്തര യാത്രയ്ക്ക് 114.38 രൂപയും വീതം എഎസ്എഫ് വർധിപ്പിക്കാനാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് നിർദേശം. നിലവിലെ തുകയിൽ നാൽപതു രൂപ വർധിപ്പിച്ചതോടെ ഇന്ത്യയിൽ വിമാനയാത്രയ്ക്ക് ഇനി മുതൽ 200 രൂപ സെക്യൂരിറ്റി ഫീസ് നൽകേണ്ടി വരും. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനു യാത്രക്കാരിൽ നിന്നു ശേഖരിക്കുന്ന ഫണ്ടാണ് എയർ സെക്യൂരിറ്റി ഫീസ്. യാത്രാ ടിക്കറ്റിലാണ് ഇത് ഈടാക്കുക.