യു എസ് ക്യാപ്പിറ്റലിന് നേരെ കാർ ആക്രമണം ; ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു ; അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു

യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ പൊലീസുകാര്‍ക്ക് നേരെ അജ്ഞാതന്‍ കാര്‍ ഇടിച്ചുകയറ്റി. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.

വില്യം ഇവാന്‍ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ബാരിക്കേഡില്‍ ഇടിച്ചു നിര്‍ത്തിയ കാറില്‍ നിന്ന് അക്രമി പുറത്തിറങ്ങുകയും, പൊലീസിന് നേരെ കത്തി വീശുകയുമായിരുന്നു. ഒരു ഉദ്യോഗസ്ഥന് കുത്തേറ്റതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടുക്കം രേഖപ്പെടുത്തി.കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ പങ്കുചേരുന്നുവെന്നും ബൈഡന്‍ പറഞ്ഞു.