നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.69 വയസ്സായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘വണ്ണില്‍’ പ്രതിപക്ഷ എം.എല്‍.എ.യുടെ വേഷം ചെയ്തിരുന്നു. വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പില്‍ നടക്കും.

ശാസ്താംകോട്ട സ്വദേശിയായ ഇദ്ദേഹം ‘പാവം ഉസ്മാന്‍’ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 1989ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള പ്രൊഫഷണല്‍ നാടക പുരസ്‌കാരം എന്നിവ ലഭിച്ചു. സ്കൂള്‍ ഓഫ് ഡ്രാമാ വിദ്യാര്‍ത്ഥിയായിരുന്ന ബാലചന്ദ്രന്‍, എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്ധ്യാപകനായിരുന്നു. ഏകാകി, ലഗോ, തീയേറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.