നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യ ശത്രു ; ഒറ്റക്കെട്ടായി തുരത്താം

ആരോഗ്യത്തെപ്പറ്റി വളരെ ആശങ്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. 2019 ഡിസംബർ മുതൽ ലോകമെമ്പാടുമുള്ള സാധാരണക്കാരായ മനുഷ്യർ ഇതുവരെ കേൾക്കാത്ത ആരോഗ്യ സംബന്ധമായ പല വാക്കുകളും അറിഞ്ഞു . സാനിറ്റയ്‌സറും മാസ്കും ജീവിതത്തിന്റെ ഭാഗമായി. ക്വാറന്റീനും ഐസൊലേഷനും സുപരിചിതമായി. അങ്ങനെ നീണ്ട ഒരു വർഷത്തിലേറെയായി കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ ലോക ജനത ഒന്നടങ്കം ശ്രമിക്കുകയാണ്. പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം തരംഗവും മൂന്നാം തരംഗവും നേരിട്ടുകൊണ്ടിരിക്കുകയാണ്. നഗ്ന നേത്രത്താൽ കാണാൻ കഴിയാത്ത, ഒരു സൂക്ഷ്മ ജീവിയോടുള്ള ലോകത്തിന്റെ പട പൊരുതലിൽ ഈ വർഷത്തെ ലോക ആരോഗ്യ ദിനത്തിന് (ഏപ്രിൽ 07 )ഏറെ പ്രാധാന്യമുണ്ട്.

ലോകാരോഗ്യ സംഘടന (WHO) യുടെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും ഏപ്രിൽ 7 ന് ലോക ആരോഗ്യ ദിനം ആചരിക്കുന്നത്. 1948 ലാണ് ആദ്യമായി ലോകാരോഗ്യ സഭ ചേരുന്നത്. 1950 മുതൽ എല്ലാ വർഷവും ലോക ആരോഗ്യ ദിനം ആചരിക്കാനും ഏതെങ്കിലുമൊരു ആഗോള ആരോഗ്യ പ്രശ്നത്തെ ലോക ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചു. അതിനായി എല്ലാ വർഷവും വ്യത്യസ്തമായ ഒരോ തീമുകളിൽ (themes) ലോക ആരോഗ്യ സംഘടന പ്രവർത്തനം നടത്തുന്നു. ഈ വർഷം ‘മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക’ (building a fairer, healthier world) എന്നതാണ് ആപ്ത വാക്യം.

ഇപ്പോഴും ലോക ജന സംഘ്യയുടെ പകുതിപേർക്ക് ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാകുന്നില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്നിരിക്കെ, ഇന്നത്തെ ദിവസത്തിന് അത്രയേറെ പ്രാധന്യമുണ്ട്. വിവിധ പ്രദേശങ്ങളിൽ ഉടലെടുത്ത് അനേകം രാജ്യങ്ങളിലേക്ക് പടർന്ന പ്ളേഗ്, വസൂരി, സ്പാനിഷ് ഫ്ലൂ,പോളിയോ, കോളറ, നിപ പോലുള്ള രോഗങ്ങൾക്ക് മരുന്ന് കണ്ടെത്തിയത് മനുഷ്യരാശിക്ക് അനുഗ്രഹമാണ്. എന്നാൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്തവരെയും സംരക്ഷണത്തിന്റെ കുടക്കീഴിൽ എത്തിക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഭയത്താലോ സംശയത്താലോ നോക്കുന്ന ഈ കോവിഡ് കാലഘട്ടത്തിൽ മികച്ച ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാട് പ്രശംസനീയമാണ്. 2020 മാർച്ച് 11 നാണ് ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ടിട്ടും ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയാത്തതിൽ ലോകം പകച്ചു നിൽക്കുകയാണ്. പതിയെ നാം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോഴും ആരോഗ്യത്തിനായുള്ള മുൻകരുതൽ സ്വീകരിക്കേണ്ടതിൽ ഓരോരുത്തരും ബാധ്യസ്ഥരാണ്. നല്ല ജീവിത ശൈലി തെരഞ്ഞെടുക്കാനും അതിനുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാനും ലോകാരോഗ്യ സംഘടനയുടെ പ്രയത്നത്തിൽ പങ്കാളികളാകാം. ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്!!

written by : Salma Salim