പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഒഴിവാക്കാനുള്ള നടപടികൾ കുവൈത്ത് ഉടൻ നടപ്പിലാക്കിയേക്കും

കുവൈത്ത് സിറ്റി :കുവൈത്തിൽ വിദേശികളുടെ പാസ്പോർട്ടിൽ റെസിഡൻസി (ഇഖാമ )സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കും. പകരം സിവിൽ ഐ. ഡി കാർഡിൽ റെസിഡൻസിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തും. ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ വകുപ്പുകളിലെ പ്രവർത്തനം പൂർണമായും യന്ത്രവത്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനുള്ള നിർദേശങ്ങൾ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്.ജനറൽ ഷെയ്ഖ് ഖാലിദ് അൽജാറ ബന്ധപ്പെട്ട വകുപ്പുകൾക് നൽകി. സിവിൽ ഐ. ഡി. കാർഡ് തയ്യാറാക്കുന്ന സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയിലും വിവിധ രാജ്യങ്ങളിലെ എംബസികളിലും വിമാനക്കമ്പനികളിലും ഇത് സംബന്ധിച്ച ക്രമീകരണങ്ങൾ പൂർത്തീകരിച്ച ഉടൻ പദ്ധതി നടപ്പിലാക്കിയേക്കും.
നിലവിൽ റെസിഡൻസി വിവരം പാസ്പോർട്ടിൽ സ്റ്റിക്കർ രൂപത്തിൽ പതിക്കുന്ന രീതിയാണുള്ളത്. ഓരോ തവണ ഇഖാമ പുതുക്കുമ്പോഴും സ്റ്റിക്കർ പതിക്കുന്നതിന് പാസ്സ്പോർട്ടിലെ പുതിയ പേജുകൾ ഉപയോഗിക്കുന്നതായി വന്നിരുന്നു. സ്റ്റിക്കർ ഒഴിവാക്കുന്നതോടുകൂടി കടലാസ് ഉപയോഗം കുറയ്ക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.