കോവിഡ് ; ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തി

കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തി. ഏതാനും പേർക്ക്​ ഡെൽറ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ്​ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ അറിയിച്ചു.

വൈറസുകളുടെ ജനിതക പരിശോധന കൃത്യമായി നടത്തുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച വൈറസ്​ കണ്ടെത്തിയത്​ കുവൈത്ത്​ നിരീക്ഷിക്കുന്നുണ്ട്​. ഇവ കുവൈത്തിലെത്താതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തുന്നു. കുവൈത്തിലേക്ക്​ ഇന്ത്യയിൽനിന്ന്​ യാത്രാവിമാനങ്ങൾ നിർത്തിയിരിക്കുകയാണ്​. അതുകൊണ്ടുതന്നെ ഇന്ത്യയിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ ഇൗ വൈറസ്​ എത്തിയിരിക്കാൻ സാധ്യത കുറവാണ്​.

62 രാജ്യങ്ങളിൽ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ട്​. മറ്റേതെങ്കിലും രാജ്യത്തുനിന്നാകും കുവൈത്തിലെത്തിയതെന്നാണ്​ കരുതുന്നത്​. ഇന്ത്യൻ വകഭേദത്തിന്​​ വ്യാപന ശേഷി കൂടുതലാണെന്നാണ്​ വിലയിരുത്തൽ. കുവൈത്തിലെത്തിയ ഡെൽറ്റ വകഭേദം കൂടുതൽ പേരിലേക്ക്​ വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. അബ്​ദുല്ല അൽ സനദ്​ കുവൈത്ത്​ വാർത്താ ഏജൻസിയോട്​ പറഞ്ഞു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.