ബലി പെരുന്നാളിനിടെ ഇറാഖിൽ ഭീകരാക്രമണം : 35 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

 

ബലി പെരുന്നാളിനിടെ ഇറാഖിലെ കച്ചവടകേന്ദ്രത്തിൽ ഐ.എസ് നടത്തിയ സ്‌ഫോടനത്തിൽ 35 ലധികം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട് . തലസ്ഥാന നഗരിയായ ബാഗ്ദാദിലെ ഒരു പൊതുചന്തയിലാണ് സ്‌ഫോടനം നടന്നത്. ബലി പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി സാധനങ്ങൾ വാങ്ങാനെത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. സദർ നഗരത്തിലെ അൽ-ഹുവായലാത് പൊതുചന്തയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി സ്ഥാപനങ്ങളും സ്‌ഫോടനത്തിൽ തകർന്നിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതര്‍ പറഞ്ഞു.

ഭീകരവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തി.ഭീകരാക്രമണമാണ് നടന്നതെന്നും ദൂരെ നിന്ന് നിയന്ത്രിക്കാവുന്ന സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നും ഇറാഖ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ പൊതു ഇടത്തിൽ നടന്ന മൂന്നാമത്തെ സ്‌ഫോടന പരമ്പരയാണിത്. സ്‌ഫോടനത്തിന് കാരണം പൊതു ചന്തയിലെ സുരക്ഷാ വീഴ്ചയാണെന്നാണ് കണ്ടെത്തൽ. അന്വേഷണ വിധേയമായി ഫെഡറൽ പോലീസ് കമാന്ററെ പിരിച്ചുവിട്ടു കൊണ്ട് ഇറാഖ് പ്രധാനമന്ത്രി ഉത്തരവിറക്കി.