കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും ; മറ്റ് രാജ്യം വഴി പ്രവേശിക്കാം

കുവൈത്തിൽ ഓഗസ്ത്‌ ഒന്ന് മുതൽ വിദേശികൾക്ക് പ്രവേശന അനുമതി നൽകുവാനുള്ള മന്ത്രി സഭാ തീരുമാനം നടപ്പിലാക്കാനിരിക്കേ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്‌ നേരിട്ടുള്ള പ്രവേശനം സാധ്യമാകില്ലെന്ന് വ്യോമയാന രംഗത്ത്‌ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു.ഇന്ത്യ ഉൾപ്പെടെ ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശന നിരോധനം നിലനിൽക്കുകയാണു.ഇന്നലെ ചേർന്ന മന്ത്രി സഭാ യോഗത്തിലോ വ്യോമയാന അധികൃതർ പുറത്തിറക്കിയ യാത്രാ മാർഗ്ഗ നിർദ്ദേശങ്ങളിലോ വിലക്ക്‌ നീക്കുന്നതുമായി ബന്ധപ്പെട്ട്‌ യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ല.ഈ സാഹചര്യത്തിലാണു ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌, കുവൈത്തിലേക്കുള്ള പ്രവേശനം മൂന്നാമതൊരു രാജ്യം വഴി മാത്രം സാധ്യമാകുക. എന്നാൽ ഇടത്താവളമായി ഉപയോഗിക്കുന്ന രാജ്യത്ത്‌ 14 ദിവസം താമസം പൂർത്തിയാക്കണം എന്ന വ്യവസ്ഥ നേരത്തെ ഉണ്ടായിരുന്നു.ഈ വ്യവസ്ഥ കുവൈത്ത്‌ ഇപ്പോൾ റദ്ധ്‌ ചെയ്തായാണു വിവരം.അതായത്‌ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്‌ യാത്രാ നിബന്ധനകൾ പൂർത്തിയാക്കിയ ശേഷം കുവൈത്തുമായി വാണിജ്യ വിമാന സർവ്വീസുള്ള മറ്റൊരു രാജ്യം വഴി കുവൈത്തിൽ പ്രവേശിക്കാൻ സാധ്യമാകും.നിലവിൽ ഖത്തർ, മാലിദ്വീപ്‌, എന്നീ രാജ്യങ്ങളാണു ഇന്ത്യക്കാർക്ക്‌ ഇടത്താവളമായി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം എന്നാണു ട്രാവൽസ്‌ രംഗത്തുള്ളവർ പറയുന്നത്‌. പരമാവധി 5 മണിക്കൂർ നേരം ഈ രാജ്യങ്ങൾ ഇടത്താവളമായി ഉപയോഗിച്ചശേഷം, നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ കുവൈത്തിൽ എത്താൻ കഴിയുമെന്നും ഇവർ പറയുന്നു.എന്നാൽ കുവൈത്ത്‌ നിഷ്കർശ്ശിച്ച യാത്രാ നിബന്ധനകൾ പൂർത്തിയാക്കി അധികൃതരിൽ നിന്ന് യാത്രാ അനുമതി ലഭിച്ച ശേഷം മാത്രമേ ഓരോ യാത്രക്കാരനും ടിക്കറ്റ്‌ ബൂക്ക്‌ ചെയ്യാൻ പാടുള്ളൂ എന്നാണു ഇന്ത്യൻ എംബസി പറയുന്നത്.