തടവുകാരോടുള്ള സമീപനം: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് മനുഷ്യാവകാശ സമിതിയുടെ പ്രശംസ

കുവൈത്ത് സിറ്റി :തടവുകാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്ന നടപടികൾക്ക് പാർലമെന്റിന്റെ മനുഷ്യാവകാശ സമിതിയുടെ പ്രശംസ. പബ്ലിക് അറ്റോർണിമാർക്ക് ആഴ്ച തോറും സെൻട്രൽ ജയിലും നാടുകടത്താനുള്ളവരെ താമസിപ്പിക്കുന്ന കേന്ദ്രവും സന്ദർശിക്കാൻ അനുമതി നൽകിയ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി സമിതി ചെയർമാൻ ആദിൽ അൽ ദംകി പറഞ്ഞു. മനുഷ്യാവകാശ സമിതി നേരത്തെ അക്കാര്യം ആഭ്യന്തര മന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു. സെൻട്രൽ ജയിലിലും നാട് കടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന തടവുകാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാനമായ നടപടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.