കുവൈത്തിൽ പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ബദൽ പദ്ധതികൾ തയ്യാറാക്കി

കുവൈത്തിൽ പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള രണ്ട് ബദൽ പദ്ധതികൾ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കി. വിദ്യാഭ്യാസ മന്ത്രി അലി അൽ മുദാഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതികൾ തയ്യാറാക്കിയത്. ഓരോ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പിനും ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്യുക എന്നതാണ് ആദ്യ പദ്ധതി. ഓരോ കളാസുകളിലെയും വിദ്യാർഥിളെ അക്ഷര മാല ക്രമത്തിൽ രണ്ടായി വിഭജിച്ച് ആദ്യ ഗ്രൂപ്പിലെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 3 ദിവസവും രണ്ടാമത്തെ ഗ്രൂപ്പിലെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 2 ദിവസവുമായി ക്ലാസുകൾ ക്രമീകരിക്കുക. ഓരോ രണ്ടാഴ്ചകളിലും ഈ ക്രമം പരസ്പരം മാറ്റുകകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ പദ്ധതി.പുതിയ നിർദ്ദേശങ്ങൾ അടുത്തയാഴ്ച മന്ത്രിസഭ യോഗത്തിൽ സമർപ്പിക്കും.

ഓരോ ക്ലാസ് മുറിയിലും ഉള്ള വിദ്യാർത്ഥികളുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തുക,അടിസ്ഥാന വിഷയങ്ങളിൽ ഊന്നി ക്ലാസുകൾ ക്രമീകരിക്കുക, അത്യാവശ്യമല്ലാത്ത വിഷയങ്ങളുടെ പഠനം രണ്ടാം സെമസ്റ്ററിലേക്ക് മാറ്റുക, പ്രാഥമിക ക്ളാസുകൾക്ക് ദിവസം 5 പിരീഡുകളും, ഇന്റർ മീഡിയറ്റ്‌ ക്ളാസുകൾക്ക് 6 പിരീടുകളുമായി ക്ളാസുകൾ ക്രമീകരിക്കുക, മുതലായ നിർദ്ദേശങ്ങൾ രണ്ടു പദ്ധതികളിലും മുന്നോട്ട്‌ വെക്കുന്നുണ്ട്‌.പ്രതിരോധ കുത്തിവെപ്പ്‌ പൂർത്തിയാക്കാത്ത എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിവാര നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുവാനും ഇരു പദ്ധതികളിലും പൊതുവായി നിർദ്ദേശിക്കുന്നുണ്ട്‌.