അഫ്ഗാനിസ്ഥാനിൽ വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചവരില്‍ ഫുട്ബാള്‍ താരവും

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ യു.എസ് വ്യോമ വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചവരില്‍ ഫുട്ബാള്‍ താരവും. അഫ്ഗാന്‍ യൂത്ത് ദേശീയ ടീമില്‍ അംഗമായിരുന്ന സകി അന്‍വരി യു എസ് എയര്‍ഫോഴ്‌സ് സി 7 വിമാനത്തിന്റെ ലാന്റിങ് ഗിയറിലിരുന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരിക്കുകയായിരുന്നുവെന്ന് അഫ്ഗാനിലെ പ്രമുഖ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പുറപ്പെട്ട യു എസ് വ്യോമസേനാ വിമാനത്തില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സകി അന്‍വരിയടക്കമുള്ളവര്‍ ലാന്റിങ് ഗിയറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ രണ്ടുപേര്‍ പിടിവിട്ടു നിലത്തു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിമാനത്തില്‍ നിന്ന് വീണ ഇരുവരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. ഒരാള്‍ ലാന്റിങ് ഗിയറില്‍ കുടുങ്ങിയ കാര്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിമാനം ഖത്തറില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തിയപ്പോഴാണ് സകിയുടെ മൃതദേഹം കണ്ടെടുത്തത്.