കുവൈറ്റിൽ നിന്നും ഒരു കുഞ്ഞു താരം ; ‘പൈൻ മരങ്ങളുടെ നാട്ടിൽ’ കേന്ദ്ര കഥാപാത്രമായി ഇവാനിയ നാഷ്

പരസ്യ ചിത്രങ്ങളിലൂടെയും വൈറൽ വീഡിയോയോകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഇവാനിയ നാഷ് എന്ന കൊച്ചു മിടുക്കി വെള്ളിത്തിരയിലെത്തുന്നു. ചിത്രീകരണം പൂർത്തിയായ ‘പൈൻ മരങ്ങളുടെ നാട്ടിൽ’ എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയുടെ പുതിയ താരോദയം ആയി മാറുകയാണ് ഇവാനിയ. ദേശീയ അവാർഡിന്റെ അവസാന റൗണ്ടിലെത്തിയ ‘ സമീർ ‘എന്ന ചിത്രത്തിന്റെ സംവിധായകനായ റഷീദ് പാറയ്ക്കലാണ് ഈ സിനിമയുടെ സംവിധായകൻ .അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയമായേക്കാവുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഈ സിനിമക്ക് പുതുമകൾ ഏറെയുണ്ട്.

സിനിമയിലെ വ്യത്യസ്‍തമായ കാഥാപാത്രത്തെ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഇവാനിയ. മലയാളികളുടെ മനസിൽ ബേബി ശാലിനിയുടെ രൂപ സാദൃശ്യം കൊണ്ടും ഒരേ ജന്മദിനം എന്നതും കൊണ്ടും നേരത്തെ തന്നെ ശ്രേധേയമായതാണ് ഇവാനിയ എന്ന ഈ കൊച്ചുമിടുക്കി. മോഹൻലാലിനൊപ്പം പരസ്യ ചിത്രത്തിലൂടെ പ്രൊഫഷണൽ അഭിനയ രംഗത്തേക് ചുവടുറപ്പിച്ച ഇവാനിയ ഒട്ടനവധി പരസ്യ ചിത്രങ്ങളിലൂടെയും, ആൽബം ഗാനങ്ങളിലൂടെയും ഫ്‌ളവേഴ്‌സ് ടിവിയുടെ ഓണം പ്രോമോ ഗാനത്തിലൂടെയും തന്റെ വരവ് ഗംഭീരമാക്കി. ഉടനെ ചിത്രീകരണം ആരംഭിക്കുന്ന ഒരു തമിഴ് സിനിമയിലും പുതിയ മലയാള സിനിമയിലും ഇവാനിയ അഭിനയിക്കും.സാല്മിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ജൂനിയർ സ്കൂളിലെ UKG വിദ്യാർത്ഥി ആണ് ഈ കൊച്ചു സുന്ദരി.