കുവൈത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വിസാ കാലാവധി നീട്ടി നൽകും

കുവൈറ്റിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആറു മാസം കൂടി വിസ നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സി അഫയേഴ്സ് വിഭാഗം തീരുമാനിച്ചു. ഇവര്‍ക്ക് പ്രത്യേക ഫീസ് അടച്ച് വിസ പുതുക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി നടപ്പില്‍ വരാത്തതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നടപടി.

60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം കഴിഞ്ഞ ജനുവരിയില്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിയമം കര്‍ക്കശമായി നടപ്പിലാക്കിയിരുന്നില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ നിരോധനവും ഇതിന് കാരണമായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനമാണിത്.