പുതിയ കോവിഡ് സി.1.2 വകഭേദം : കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ തീരുമാനം

പുതിയ കോവിഡ് സി.1.2 വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രത്യേകം നിരീക്ഷിച്ച് പ്രത്യേക പരിശോധന നടത്താൻ സർക്കാർ തീരുമാനമായി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി 1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിന് പിടിതരില്ലെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.ഈ പുതിയ വകഭേദത്തിന് ഇപ്പോള്‍ ലോകത്ത് ഉപയോഗിക്കപെടുന്ന വാക്‌സീനുകള്‍ നല്‍കുന്ന പ്രതിരോധത്തെ നല്ലൊരളവ് പരാജയപ്പെടുത്താന്‍ ശേഷിയുണ്ടെന്നും റിപ്പോർട്ടുണ്ട്.

അതിവ്യാപന ശേഷിയുള്ള സി.1.2 വൈറസിനെ മേയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. സി1 വകഭേദത്തില്‍ നിന്ന് പരിണമിച്ചുണ്ടായ സി1.2 ന് ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാണ് കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.