ഇന്ത്യക്ക് പുറത്ത് ആദ്യമായി അനുവദിച്ച നീറ്റ് പരീക്ഷയ്ക്ക് കുവൈത്തിലെ ഇന്ത്യന്‍ എംബസി വേദിയാകും

ഇന്ത്യക്ക് പുറത്ത് ആദ്യമായി അനുവദിച്ച നീറ്റ് പരീക്ഷക്ക് കുവൈത്തിലെ ഇന്ത്യന്‍ എംബസി വേദിയാകും. ഇതിനായി എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

എംബസി പരിസരമാണ് പരീക്ഷാ കേന്ദ്രം. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും പരീക്ഷ. ഈ മാസം 12 ന് പ്രാദേശിക സമയം 11.30 തൊട്ട് 2.30 വരെയാണ് പരീക്ഷ നടക്കുക.
ഒ.എം.ആര്‍ ഷീറ്റില്‍ കറുത്ത നിറത്തിലുള്ള ബോള്‍പോയിന്റ് പേന ഉപയോഗിച്ചാണ് പരീക്ഷ എഴുതേണ്ടത്. പേന എന്‍.ടി.എ നല്‍കും. പരീക്ഷാ സമയം 3 മണിക്കൂറായിരിക്കും. ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷ ഇംഗ്ലീഷ് ഭാഷയിലാണ്. ഡിപ്ലോമാറ്റിക് ഗേറ്റ് എന്‍ട്രന്‍സ് വഴിയാകും പരീക്ഷാര്‍ഥികള്‍ക്ക് പ്രവേശനം.

രാവിലെ 8.30 മുതല്‍ 11 വരെ ബാച്ചുകള്‍ തിരിച്ചാണ് പ്രവേശനം. അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയത്ത് തന്നെ പരീക്ഷാര്‍ഥികള്‍ ഗേറ്റില്‍ എത്തണം. (കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇന്ത്യന്‍ സമയം ആയതിനാല്‍ തുല്യമായ കുവൈത്ത് സമയം കണക്കാക്കിവേണം എത്താന്‍). പ്രാദേശിക സമയം 11 ന് ശേഷം പ്രവേശനം അനുവദിക്കില്ല.