ഇന്ത്യ – കുവൈത് നയതന്ത്ര ബന്ധത്തിന്റെ 60 ആം വാർഷികാഘോഷം ഡിസംബർ 2 നു തുടങ്ങും

ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷം ഡിസംബർ 2 നു തുടങ്ങും. ഇന്ത്യൻ എംബസിയും കുവൈത്ത് നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഷെയ്ഖ് മുബാറക് കിയോസ്ക് മ്യൂസിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്ന പരിപാടി ഇന്ത്യ ഡേ സംഗീത സദസ്സോടെ ആരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്, കുവൈത്ത് നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ കമാൽ അബ്ദുൽ ജലീൽ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും ചരിത്ര പരമായ ബന്ധങ്ങൾ വരച്ചു കാട്ടുന്ന നിരവധി പരിപാടികളും ഇതൊടാനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു. ഡിസംബർ 5 മുതൽ 9 വരെ ഇന്ത്യൻ സാംസ്കാരിക വാരമായി ആഘോഷിക്കും.പരിപാടിയിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനവും വിവിധ ഇന്ത്യൻ സാംസ്കാരിക,കലാ രൂപങ്ങളും അരങ്ങേറും. ഇന്ത്യ- കുവൈത്ത് ചരിത്ര പരമായ ബന്ധങ്ങൾ, ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മുതലായവ സംബന്ധിച്ച സെമിനാറുകളും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.2022 ജൂലായ് 3 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സ്ഥാനപതി പറഞ്ഞു.