ഇന്ത്യ – കുവൈത്ത് ഗാർഹിക തൊഴിലാളി നിയമന ധാരണ പത്രത്തിന്റെ കരട് വിജ്ഞാപനത്തിന് മന്ത്രി സഭാ അംഗീകാരം

ഇന്ത്യ – കുവൈത്ത് ഗാർഹിക തൊഴിലാളി നിയമന ധാരണ പത്രം അംഗീകരിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തിനു കുവൈത്ത് മന്ത്രി സഭാ യോഗം അംഗീകാരം നൽകി.ഇതോടെ ഗാർഹിക തൊഴിലാളി നിയമനത്തിനു ഇരു രാജ്യങ്ങളുടെയും അംഗീകാരമായി.30 നും 56 നും ഇടയിൽ പ്രായമായ വനിതാ ഗാർഹിക തൊഴിലാളികൾക്ക് മാത്രം കരാർ നൽകണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. ചുരുങ്ങിയ പ്രതി മാസ ശമ്പളം 100 ദിനാർ ആയിരിക്കുക, അതത്‌ മാസത്തെ ശമ്പളം,തൊഴിലാളിയുടെ പേരിൽ തുറക്കുന്ന ബാങ്ക് അകൗണ്ട് വഴി വിതരണം ചെയ്യുക മുതലായവയും കരാറിലെ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ കരാറിന് ഇന്ത്യൻ എംബസി യുടെയും ഏതെങ്കിലും അംഗീകൃത റിക്രൂട്മെന്റ് ഏജൻസിയുടെയും അംഗീകാരവും ആവശ്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാ പത്രം ഒപ്പിട്ട ശേഷം ഇതുവരെ 30 വയസ്സിനു താഴെ പ്രായമായ വനിതാ ഗാർഹിക തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നില്ലെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസ് ഫെഡറേഷൻ അധ്യക്ഷൻ ഖാലിദ് അൽ ദഖ്നാൻ അറിയിച്ചു. ഇത് കാരണം ഇന്ത്യയിൽ നിന്നുള്ള പുതിയ കരാറുകളുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.