ബി സലാമ പ്ലേറ്റ്‌ ഫോം വഴി കുവൈത്തിൽ എത്തുന്ന ഗാർഹിക തൊഴിലാളികൾക്ക്‌ നേരിട്ട്‌ വാക്സിൻ നൽകാൻ പദ്ധതി 

നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിക്കാതെ  ബി സലാമ പ്ലേറ്റ്‌ ഫോം വഴി കുവൈത്തിൽ എത്തുന്ന ഗാർഹിക തൊഴിലാളികൾക്ക്‌ നേരിട്ട്‌ വാക്സിൻ വിതരണം ചെയ്യുന്നതിനു ആരോഗ്യ മന്ത്രാലയം സമഗ്രമായ പദ്ധതി തയ്യാറാക്കുന്നു. ബി സലാമ പ്ലേറ്റ്‌ ഫോം വഴി രാജ്യത്ത്‌ എത്തുന്ന ഗാർഹിക തൊഴിലാളികൾക്ക്‌ സ്വന്തം രാജ്യത്ത്‌ നിന്ന് വാക്സിനേഷൻ ചെയ്യണമെന്ന് നിർബന്ധമില്ല.എന്നാൽ ഇവർ രാജ്യത്ത്‌ ഒരാഴ്ച ഹോട്ടലിലും  ഒരാഴ്ച വീട്ടിലും ക്വാറന്റൈൻ കഴിയണമെന്നാണ് വ്യവസ്ഥ. ഇവരുടെ ഹോട്ടൽ ക്വാറന്റൈൻ വേളയിൽ ആദ്യ ഡോസ്‌ വാക്സിൻ നൽകുവാനാണു മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌.ആദ്യ ഡോസ്‌ കുത്തിവെപ്പ്‌ നടത്തിയതിനു ശേഷം മാത്രമേ ഇവരെ തൊഴിലുടമയുടെ വീട്ടിലേക്ക്‌ പറഞ്ഞയക്കുകയുള്ളൂ. അതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫീൾഡ്‌ വാക്സിനേഷൻ പ്രചാരണത്തിനു കഴിഞ്ഞ ദിവസം തുടക്കമിട്ടു.ഫർവ്വാനിയ പ്രദേശത്ത്‌ നിന്നാണു പ്രചാരണം ആരംഭിച്ചത്‌. ഇതിനു പുറമേ ബിൻ ഈദ്‌ അൽ ഘാർ, ഹവല്ലി, മഹബൂല, സാൽമിയ, ജിലീബ്‌, സുലൈബിയ, ഷർഖ്‌  പ്രദേശങ്ങളിലും  ഫീൽഡ്‌ വാക്സിനേഷൻ പ്രചാരണം ആരംഭിച്ചിട്ടുണ്ട്‌. താമസരേഖ കാലാവധി അവസാനിച്ചത്‌ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കുത്തിവെപ്പ്‌ സ്വീകരിക്കാൻ സാധിക്കാത്തവർക്കും ഇവിടെ നിന്ന് വാക്സിൻ സ്വീകരിക്കാം.