കുവൈത്തിൽ എല്ലാ ജനങ്ങൾക്കും ബൂസ്റ്റർ ഡോസ്‌ വാക്സിൻ നിർബന്ധമാക്കാൻ പദ്ധതി

കുവൈത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും ബൂസ്റ്റർ ഡോസ്‌ വാക്സിൻ നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. കോവിഡ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ്‌ വരുത്തി രാജ്യം സാധാരണ ജന ജീവിതത്തിലേക്ക്‌ മടങ്ങുന്ന സാഹചര്യത്തിലാണു തീരുമാനം. ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചവരിൽ അടുത്ത രണ്ടു മാസത്തിനകം ആർജ്ജിത പ്രതിരോധ ശേഷി ദുർബലമാകുവാനുള്ള സാധ്യതയും അധികൃതർ മുന്നിൽ കാണുന്നു.ഇത്‌ പ്രകാരം ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചവർക്ക്‌ അടുത്ത ദിവസങ്ങളിൽ മൂന്നാം ഡോസ് സ്വീകരിക്കുന്നതിനായി മൊബൈൽ ടെക്സ്റ്റ്‌ മെസ്സേജ്‌ വഴി അറിയിപ്പ് അയക്കുന്നതാണ്. മെസ്സേജ്‌ ലഭിച്ചിട്ടും മൂന്നാം ഡോസ്‌ സ്വീകരിക്കാൻ എത്താത്തവരെ ഇമ്മ്യൂണിറ്റി , മൈ ഐഡെന്റിറ്റി ആപ്പുകളിൽ നിലവിലെ പച്ച നിറത്തിലുള്ള സ്റ്റാറ്റസ്‌,ഓറഞ്ച്‌ നിറമായി മാറ്റുവാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം . പ്രായമായവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ദീർഘകാല രോഗികൾ എന്നീ വിഭാഗങ്ങൾക്ക്‌ മാത്രമാണു നിലവിൽ മൂന്നാം ഡോസ്‌ വാക്സിൻ നിർബന്ധമാക്കിയിരിക്കുന്നത് . ഈ വിഭാഗത്തിൽ ഉൾപെട്ട ഒരു ലക്ഷത്തോളം പേർ ഇതിനകം ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.ഇതിനു പിന്നാലെയാണ് രാജ്യത്തെ മുഴുവൻ ജന വിഭാഗങ്ങൾക്കും മൂന്നാം ഡോസ്‌ വാക്സിൻ വിതരണം ചെയ്യാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നത്‌.