കുവൈത്തിലെ ഇന്ത്യൻ എംബസിയിലോ സേവന കേന്ദ്രങ്ങളിലോ ഇടനിലക്കാർ ഇല്ല – സിബി ജോർജ്ജ്

 

കുവൈത്തിലെ ഇന്ത്യൻ എംബസിയിലോ സേവന കേന്ദ്രങ്ങളിലോ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ലെന്നും പൊതു ജനങ്ങൾക്ക്‌ എംബസിയുമായി നേരിട്ട്‌ ബന്ധപ്പെടുന്നതിന് 11 വാട്സ്‌ ആപ്പ്‌ നമ്പറുകൾ ലഭ്യമാണെന്നും ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌. ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എംബസിക്ക് ഇടനിലക്കാരില്ല, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍’ എന്നീ രണ്ടു വിഷയങ്ങളിലാണു ഓപ്പൻ ഹൗസ്‌ സംഘടിപ്പിച്ചത്‌. “കൊവിഡ് സാഹചര്യം വിജയകരമായി നേരിട്ട കുവൈത്ത് സർക്കാരിനെ അഭിനന്ദിക്കുന്നു. കോവിഡ് പ്രതിരോധ മുന്‍കരുതൽ നടപടികൾ ഇനിയും പാലിക്കേണ്ടതുണ്ട്‌. ഇന്ത്യയുടെ
‘കോവാക്‌സിൻ’ വാക്സിനു ഇത് വരെ കുവൈത്തിൽ അംഗീകാരം ലഭിക്കാത്തതും , വിമാന ടിക്കറ്റ്‌ നിരക്ക്‌ ഉയർന്നതും കാരണം നിരവധി ഇന്ത്യക്കാർ ഇപ്പോഴും നാട്ടിൽ കുടുങ്ങി കിടക്കുകയാണു. എഞ്ചിനീയര്‍മാരുടെ സർട്ടിഫിക്കറ്റ്‌ അക്രഡിറ്റേഷൻ, നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും അവരുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ട്‌. ഇതിനായി ഇപ്പോഴും പ്രവർത്തനങ്ങൾ നടത്തി വരികയാണു” – സിബി ജോർജ്ജ് പറഞ്ഞു.