കുവൈത്തിൽ പുതിയ വിസകൾ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും

കുവൈത്തിൽ പുതിയ വിസകൾ അനുവദിക്കുന്നത് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. പുതിയ തൊഴിൽ അനുമതി പത്രം അനുവദിക്കുന്നതിനുള്ള സേവനങ്ങൾ മാനവ ശേഷി സമിതിയുടെ ‘ആശൽ’ പോർട്ടലിലൂടെയാണു നൽകുക. ഇക്കാരണത്താൽ തൊഴിലുടമകൾ ആവശ്യമായ ഡാറ്റ ഇലക്ട്രോണിക് ആയി സമർപ്പിക്കണം. സാധാരണ ജനജീവിതത്തിലേക്ക്‌ മടങ്ങുന്നതിന്റെ ഭാഗമായി പുതിയ വിസകളും വർക്ക് പെർമിറ്റുകളും നൽകുന്നത്‌ പുനരാരംഭിക്കുവാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ തൊഴിൽ അനുമതി പത്രം ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സംവിധാനം ആരംഭിക്കുന്നത്‌. രാജ്യത്തെ അംഗീകൃത വാക്സിനുകളിൽ ഒന്നിന്റെ രണ്ട്‌ ഡോസ്‌ പൂർത്തിയാക്കിയവർക്കാണു വിസ അനുവദിക്കുക. ഇതിനായി ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കുന്നതിനു ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി ഏകോപിപ്പിക്കാൻ മാനവശേഷി സമിതിയോട്‌ മന്ത്രി സഭാ സെക്രട്രിയേറ്റ്‌ ആവശ്യപ്പെട്ടു.