കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ്‌ നിർബന്ധമാക്കാൻ ആലോചന

കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ എല്ലാ വിദേശികൾക്കും പ്രത്യേക ആരോഗ്യ ഇൻഷുറൻസ്‌ നിർബന്ധമാക്കാൻ ആലോചന. ഈ പ്രായ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദേശികൾക്ക് വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കാതെ പ്രത്യേക ആരോഗ്യ ഇൻഷുറൻസ്‌ നിർബന്ധമാക്കുവാനാണു സർക്കാർ ആലോചിക്കുന്നത്‌. ഇതിന്റെ നിയമ പരമായ സാധുത പരിശോധിക്കുവാൻ വാണിജ്യ മന്ത്രി അബ്ദുല്ല അൽ സൽമാൻ ഫത്വ ലെജിസ്ലേറ്റീവ്‌ സമിതിയോട്‌ അഭ്യർത്ഥിച്ചതായും റിപ്പോർട്ട്‌ ഉണ്ട്. അതേ സമയം 60 വയസ്സ്‌ പ്രായമായ ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികളുടെ താമസ രേഖ പുതുക്കുവാൻ അനുമതി നൽകുന്ന തീരുമാനം ഉടൻ തന്നെ പുറപ്പെടുവിക്കും. താമസരേഖ പുതുക്കുന്നതിനു നിലവിലെ ഫീസ്‌ നിരക്ക്‌ തന്നെയാകും ഏർപ്പെടുത്തുക. എന്നാൽ ഇവർക്ക്‌ പ്രത്യേക ആരോഗ്യ ഇൻഷുറൻസ്‌ നിർബന്ധമാക്കി കൊണ്ടായിരിക്കും താമസ രേഖ പുതുക്കുന്നതിനു അനുമതി നൽകുക.