മൈ ഐഡന്റിറ്റിറ്റി ആപ്പിൽ ഡ്രൈവിംഗ്‌ ലൈസൻസ്‌ ഉൾപ്പെടെയുള്ള രേഖകൾ കൂടി ഉൾപ്പെടുത്തുന്നു

കുവൈത്തിൽ ഡിജിറ്റൽ സിവിൽ ഐ. ഡി. ആയി ഉപയോഗിക്കുന്ന മൈ ഐഡന്റിറ്റിറ്റി ആപ്പിൽ ഡ്രൈവിംഗ്‌ ലൈസൻസ്‌, ജനന സർട്ടിഫിക്കറ്റ്‌ മുതലായ രേഖകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ചു. പൊതു മരാമത്ത്‌, വാർത്താ വിനിമയ, വിവര സങ്കേതിക വകുപ്പ്‌ മന്ത്രി റണ അൽ ഫാരിസ്‌ ആണു ഇക്കാര്യം പ്രഖ്യാപിച്ചത്‌. സർക്കാർ രേഖകൾ കൂടുതൽ മേഖലകളിൽ ഡിജിറ്റലൈസ്‌ ചെയ്യുന്നതിന്റെ ഭാഗമായാണു ഇത്. ഇതിനു പുറമേ സിവിൽ ഇൻഫോർമ്മേഷൻ അതോറിറ്റി, ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി സഹകരിക്കുന്നതിന്റെ ചുവട്‌ വെപ്പായാണു നടപടി എന്നും അവർ അറിയിച്ചു. കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റർ ഡോസ്‌ സ്വീകരിച്ചവർക്ക്‌ അവയുടെ വിവരങ്ങളും മൈ ഐഡെന്റിറ്റി ആപ്പിൽ ഉൾപ്പെടുത്തും. സമീപ ഭാവിയിൽ തന്നെ വാഹന ഉടമസ്ഥാവകാശ രേഖ ഉൾപ്പെടെയുള്ള സർക്കാരുമായി ബന്ധപ്പെട്ട മറ്റു വ്യക്തി ഗത രേഖകളും പരിഷ്കരിച്ച ആപ്പിൽ ചേർക്കുമെന്നും മന്ത്രി അറിയിച്ചു.