കുവൈത്തിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവിംഗ്‌ ലൈസൻസ്‌ കയ്യിൽ കരുതണം

കുവൈത്തിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവിംഗ്‌ ലൈസൻസ്‌ നിർബന്ധമായും കയ്യിൽ കരുതണം.ഓറിജിനൽ ലൈസൻസ്‌ കയ്യിൽ ഇല്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെ ഗതാഗത വിഭാഗം നടപടികൾ ആരംഭിച്ചു. നിയമം നേരത്തെ തന്നെ പ്രാബല്യത്തിൽ ഉണ്ടായിരുന്നുവെങ്കിലും കോവിഡ് വൈറസ്‌ വ്യാപന പശ്ചാത്തലത്തിൽ ഇതിനു ഇളവ്‌ അനുവദിച്ചു. അപ്പോൾ മൈ ഐ. ഡി ആപ്പിൽ ഡിജിറ്റൽ ഡ്രൈവിഗ് ലൈസൻസ് കാണിച്ചാൽ മതിയായിരുന്നു. എന്നാൽ ഈ സൗകര്യമാണ് ഇപ്പോൾ നിർത്തിവെച്ചത്. ഡ്രൈവിംഗ്‌ ലൈസൻസ്‌ അടക്കമുള്ള ഔദ്യോഗിക രേഖകൾ ഡിജിറ്റലൈസ്‌ ചെയ്യുന്നതിനു ആഭ്യന്തര മന്ത്രാലയം നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ നിലവിലെ ഗതാഗത നിയമ പ്രകാരം വാഹനം ഓടിക്കുന്നയാൾ ഒറിജിനൽ ഡ്രൈവിംഗ്‌ ലൈസൻസ്‌ കയ്യിൽ കരുതിയില്ലെങ്കിൽ അത്‌ ഗതാഗത നിയമ ലംഘനമായി കണക്കാക്കപ്പെടും. ഇതിനു മാറ്റം വരണമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തി മന്ത്രി സഭയുടെ അംഗീകാരം നേടണം.