ഒമിക്രോൺ : സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കാൻ ഇന്ന് അടിയന്തിര മന്ത്രി സഭാ യോഗം ചേരും

ഒമിക്രോൺ വൈറസ്‌ ബാധയുമായി ബന്ധപ്പെട്ട്‌ സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കാൻ കുവൈത്തിൽ ഇന്ന് ( തിങ്കൾ) അടിയന്തിര മന്ത്രി സഭാ യോഗം ചേരും. കൊറോണ എമർജ്ജൻസി കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ആരോഗ്യ പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കുവാൻ മന്ത്രിസഭക്ക്‌ ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു അസാധാരണ മന്ത്രി സഭാ യോഗം ചേരുന്നത്‌.

വിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്ത്‌ പ്രവേശിക്കുന്ന എല്ലാവർക്കും വിമാന താവളത്തിൽ വെച്ച്‌ തന്നെ ആദ്യ പി. സി. ആർ. പരിശോധന നടത്തുക, ഇവർക്ക്‌ ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുക, ക്വാറന്റൈൻ അവസാനിക്കുന്നതിനു മുമ്പ്‌ വീണ്ടും പി. സി. ആർ. പരിശോധനക്ക്‌ വിധേയമാക്കുക മുതലായവയാണു കൊറോണ എമർജ്ജൻസി കമ്മിറ്റി മന്ത്രി സഭക്ക്‌ സമർപ്പിച്ച പ്രധാന നിർദ്ദേശങ്ങളിൽ ചിലത്‌. ഇതിനു പുറമേ അടച്ചിട്ട സ്ഥലങ്ങളിൽ ആരോഗ്യ പ്രതിരോധ നടപടികൾ കർശ്ശനമാക്കുവാനും നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.രാജ്യത്ത്‌ ഒമിക്രോൺ വ്യാപനം വർദ്ധിച്ചു വരുന്നതായും അടുത്ത ഘട്ടത്തിൽ രാജ്യത്തേക്ക്‌ പ്രവേശിക്കുന്നവരും പുറത്തേക്ക്‌ പോകുന്നവരുമായ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ്‌ നിർബന്ധമാക്കുവാനും കൊറോണ എമർജ്ജൻസി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.