ജഹ്റ നാച്ചുറൽ റിസർവ് നാളെ മുതൽ സന്ദർശകർക്കായി തുറക്കും

കുവൈത്തിലെ ജഹ്റ നാച്ചുറൽ റിസർവ് നാളെ മുതൽ സന്ദർശകർക്കായി തുറന്നു നൽകാൻ കുവൈത്ത്‌ പരിസ്ഥിതി സമിതി തീരുമാനിചു. ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റിയുടെ വെബ്സൈറ്റ്‌ വഴിയാണു അപ്പോയിന്റ്മെന്റ് നൽകുക. 18.2 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന റിസർവ് പരിസ്ഥിതി സമിതിയുടെ മേൽനോട്ടത്തിലാണു പ്രവർത്തിക്കുന്നത്.

തദ്ദേശീയ, ദേശാടന പക്ഷികൾക്ക് സങ്കേതം ഒരുക്കുക, പരിസ്ഥിതിയും അതിന്റെ ജൈവവൈവിധ്യവും സംരക്ഷിക്കുക മുതലായ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണു ഇത്‌ സ്ഥാപിതമായത്‌. ശൈത്യ കാലത്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരകണക്കിനു പക്ഷികളാണു ഇവിടെ ദേശാടത്തിനു എത്തുന്നത്‌. ഇതിനു പുറമെ മരുപ്രദേശങ്ങളിൽ മാത്രം കണ്ടു വരുന്ന വിവിധ ജീവികളും ഇവിടെ ഉണ്ട്‌. പ്രകൃതി സ്നേഹികൾക്ക്‌ നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്നതാണു ഈ ഭൂപ്രദേശം.