കാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി എൻബി ടി സി :25 ജീവനക്കാർക്ക് കൂടി വീട് നിർമിച്ച് നൽകും.

കുവൈത്ത് സിറ്റി :വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമായി 25 ജീവനക്കാർക്ക് എൻ ബി ടി സി വീട് നിർമിച്ച് നൽകും. രണ്ട് ഘട്ടങ്ങളിലായി നൽകിയ 57 വീടുകൾക്ക് പുറമെയാണിതെന്ന് എൻ ബി ടി സി മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാം വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ സുനാമി, ചെന്നൈയിലെ പ്രളയം, നേപ്പാളിൽ ഭൂകമ്പം എന്നിവയിൽ വീട് നഷ്ടപെട്ടവർക്കും എൻ ബി ടി സി വീട് നിർമിച്ച് നൽകിയിരുന്നു. കേരളത്തിലെ പ്രളയ ദുരിതാശ്വസ പ്രവർത്തങ്ങൾക്കായി 10 കോടി രൂപയാണ് എൻ ബി ടി സി നീക്കി വെച്ചിട്ടുള്ളത്. ഇതിൽ മൂന്നരക്കോടി രൂപ ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നൽകി. പ്രളയ നാളുകളിൽ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മൽസ്യത്തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി അവരുടെ വിദ്യാഭ്യാസത്തിനായി മൂന്ന് കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. കേരളത്തിലെ പൊതു /സർക്കാർ മേഖലയിലെ ഐ ടി സി കളിൽ മൽസ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് പ്രവേശനം ലഭ്യമാക്കുകയും അവരുടെ പഠന ഭക്ഷണ താമസ ചിലവ് വഹിക്കുകയും ചെയ്യും.